Skip to main content

നെട്ടൂര്‍ ഇടവക

I.H.M. Church Nettoor



നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയമായവും നെട്ടൂര്‍ ഇടവകയും ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരിലേക്ക് കുടിയേറിയ ലത്തീന്‍ കത്തോലിക്കരാണ്.
എം.എസ്. അഗസ്റ്റിന്‍
      
നവീകരിച്ച വിമലഹൃദയ മാതാവിന്റെ ദേവാലയം
(IHM Church, Nettoor 2014)
നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയമായ വിമലഹൃദയ മാതാവിന്റെ ദേവാലയവും (Immaculated Heart of Mary’s Church) നെട്ടൂര്‍ ഇടവകയും ആരംഭിച്ചത് വെണ്ടുരുത്തിയില്‍ നിന്നും നെട്ടൂരിലേക്ക് കുടിയേറിയ ലത്തീന്‍ കത്തോലിക്കരാണ്. 
1939-ല്‍ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തില്‍ ഇന്ത്യയെ ഭരിച്ചിരുന്ന ബ്രിട്ടനും പങ്കാളിയായിരുന്നു. മൂന്നുചുറ്റും സമുദ്രമുള്ള തെക്കേ ഇന്ത്യയില്‍ നാവികാക്രമണത്തിനും പ്രതിരോധത്തിനുമുള്ള സാധ്യത ഏറെയാതിനാല്‍ സൈനികാവശ്യത്തിന് ഏറ്റവും ഉചിതമായ സ്ഥലമായി സര്‍ക്കാര്‍ കണ്ടത് കൊച്ചിയിലെ വെണ്ടുരുത്തിയാണ്.
സൈനിക സുരക്ഷാനിയമം ഉപയോഗിച്ച് 1942-44  കാലത്ത് വെണ്ടുരുത്തിയില്‍ ഇടവകപ്പള്ളിയുടെ സമീപപ്രദേശവും വാത്തുരുത്തിയുമൊഴിച്ച്, വിശുദ്ധ കുരിശിന്റെ ദേവാലയവും കടല്‍ക്കര മാതാവിന്റെ കപ്പേളയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍  കൊച്ചി നേവല്‍ബേസിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനെ തുടര്‍ന്ന് നാനാജാതിമതസ്ഥരിലായി അഞ്ഞൂറിലേറെ കുടുംബങ്ങള്‍ അവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു. പള്ളുരുത്തി, പെരുമ്പടപ്പ്, കൊച്ചി, തേവര, തൃപ്പൂണിത്തുറ, കോന്തുരുത്തി, വൈറ്റില, നെട്ടൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ അവര്‍ കുടിയേറി. ഇതില്‍ 250 കുടുംബങ്ങള്‍ നെട്ടൂരിലാണ് താമസമാക്കിയത്.
സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് ചര്‍ച്ച്,
വെണ്ടുരുത്തി
 വെണ്ടുരുത്തിയില്‍ സ്വന്ത മായി സ്ഥലമുണ്ടായിരുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥലവില നല്‍കിയിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഇതിനകം നെട്ടൂരില്‍ തെക്കും വടക്കുമായി രണ്ട് കോളനികള്‍ക്ക്  സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി യിരുന്നു. 20 വര്‍ഷം കൊണ്ട് സ്ഥലവില സര്‍ക്കാരിലേക്ക് അടച്ചു തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ഒരു കുടുംബത്തിന് 6 സെന്റ് ഭൂമി വീതം നല്കി.
ഇടവകക്കാരില്‍ ഭൂരിഭാഗം ആളുകളും മറ്റ് നാടുകളിലേക്ക് കുടിയേറിപ്പോയതിനാല്‍ വെണ്ടുരുത്തിയിലെ സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂള്‍ പഠിക്കുവാന്‍ കുട്ടികളില്ലാതെ നിന്നുപോയി. സ്‌കൂളിന്റെ കെട്ടിടം പൊളിച്ച് അതിന്റെ കല്ലും മരവും ഓടും ഉപയോഗിച്ച് നെട്ടൂരില്‍ പള്ളി പണി ആരംഭിച്ചു. 1947 ഡിസംബര്‍ 23 ന് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ അലക്‌സാണ്ടര്‍ ലന്തപ്പറമ്പില്‍  ഈ ദേവാലയവും അനുബന്ധിച്ചുള്ള സെമിത്തേരിയും ആശീര്‍വ്വദിച്ചു.
നെട്ടൂരിലെ ആദ്യ ക്രൈസ്തവ ദേവാലയം (1947)
പിന്നീട് വിശുദ്ധ കുരിശിന്റെ ദേവാലയം(1970
വെണ്ടുരുത്തിയിലെ വൈദികരെത്തിയാണ് നെട്ടൂരില്‍ തിരുകര്‍മ്മങ്ങളും കൂദാശകളും നടത്തിയിരുന്ന ത്. 1951 ല്‍ നെട്ടൂര്‍ പള്ളിയുടെ ആദ്യ വികാരി യായി ഫാ. ജോസഫ് ഒളാട്ടുപുറത്തിനെ നിയമിച്ചു. 1962 ല്‍ നെട്ടൂര്‍ ഇടവക വെണ്ടുരുത്തിയുടെ കീഴില്‍ നിന്നും വേര്‍പെട്ട് ഒരു സ്വതന്ത്ര ഇടവകയായി.
കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ മുഴുവന്‍  ഇടവകാംഗങ്ങളെയും ഉള്‍ ക്കൊള്ളാന്‍ നിലവിലുള്ള പള്ളി മതിയാവാതെ വന്നു. മാത്രവുമല്ല, നീണ്ടു കിടക്കുന്ന നെട്ടൂരിന്റെ  വടക്ക് ഭാഗത്തായി കിടക്കുന്ന പള്ളിയിലെത്തുവാനുള്ള അസൗകര്യവും.  അതിനാല്‍ കുറെക്കൂടി തെക്കുമാറി തേവര – നെട്ടൂര്‍ കടത്തുകടവിനു സമീപമായി പുതിയ ഒരു ദേവാലയം നിര്‍മ്മിച്ചു. 1970 സെപ്തംബര്‍ 27ന് വരാപ്പുഴ അതിരൂപതാ വികാരി കാപ്പിറ്റുലര്‍ മോണ്‍സിഞ്ഞോര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ ഈ ദേവാലയം ആശീര്‍വദിച്ചു.
നെട്ടൂര്‍ വിമലഹൃദയ മാതാ ദേവാലയം (1970)
10 വര്‍ഷം കൊണ്ട് പള്ളി പണി പൂര്‍ത്തിയായി. കുറിയും പിടിയരി കുറിയും വെച്ചും സിനിമ നടത്തിയും സംഭാവന കൂപ്പണുകളിലൂടെയും ആഴ്ച പിരിവിലൂടെയും മറ്റും കിട്ടുന്ന പണംകൊണ്ടാണ് പള്ളി പണി പൂര്‍ത്തിയായത്. നെട്ടൂരിലെ രണ്ടാമത്തെ ക്രൈസ്തവ ദേവാലയമാണിത്.
പുതിയ ഇടവകപ്പള്ളി ആശീര്‍വ്വദിച്ചപ്പോള്‍ ആദ്യ ഇടവക പള്ളിയുടെ പേര് വിശുദ്ധ കുരിശിന്റെ ദേവാലയം (Holy Cross Church, Nettoor) എന്ന് പുനഃനാമകരണം ചെയ്തു. കാലപ്പഴക്കം ചെന്ന ഈ ദേവാലയം പിന്നീട് പൊളിച്ച് മാറ്റി പുതിയൊരു ദേവാലയം നിര്‍മ്മിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ 1997 മെയ് 30 ന് ദേവാലയം ആശീര്‍വ്വദിച്ചു.
വിശുദ്ധ കുരിശിന്റെ ദേവാലയം (1997)
പനങ്ങാട് ഇടവകയിലെ മാടവന സെന്റ് സെബാസ്റ്റിന്‍ കപ്പേളയെ 1975 ല്‍ നെട്ടൂര്‍ ഇടവകയോടു ചേര്‍ക്കുകയുണ്ടായി. 1995 ല്‍ ഈ കപ്പേള പൊളിച്ച് പുതിയ ദേവാലയം, സെന്റ് സെബാസ്റ്റിന്‍, ചര്‍ച്ച് (St. Sebastin Church, Madavana) നിര്‍മ്മിക്കുകയും 2014 ല്‍ സ്വതന്ത്ര ഇടവകയാകുകയും ചെയ്തു.
സെന്റ് സെബാസ്റ്റിന്‍ ചര്‍ച്ച്, മാടവന (1995)
സമീപ സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമായി 100 നടുത്ത് കുടുംബങ്ങള്‍  നെട്ടൂരില്‍ താമസമാക്കി ഇടവകക്കാരായിട്ടുണ്ട്. നെട്ടൂര്‍ ഒരു കുടിയേറ്റ ഇടവകയാണ്.

മുഴുവന്‍ ഇടവക സമൂഹത്തേയും ഉള്‍ക്കൊള്ളാന്‍ ഇടവക ദേവാലയത്തിനകത്തെ സ്ഥലസൗകര്യങ്ങള്‍ തികയാതെ വന്നതിനാല്‍   2014 ല്‍ നെട്ടൂര്‍ ഇടവകപള്ളിയുടെ വശങ്ങള്‍ കുറെക്കൂടി വലുതാക്കി നവീകരിക്കുയുണ്ടായി.
ഇപ്പോള്‍ ഇടവകയില്‍ മാതാവിന്റെ വിമലഹൃദയ ദൈവാലയം, വിശുദ്ധ കുരിശിന്റെ ദൈവാലയം, സെന്റ് ആന്റണീസ് കപ്പേള, സെന്റ് ജൂഡ് കപ്പേള, വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ തുടങ്ങിയ ആലയങ്ങളുണ്ട്. വെണ്ടുരുത്തിയിലെ വിശുദ്ധ കുരിശിന്റെ പള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന 200 വര്‍ഷത്തോളം പഴക്കമുള്ള കുരിയച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുരിശാണ് വിശുദ്ധ കുരിശിന്റെ ഗ്രോട്ടോയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്രിസ്തുവിനെ തറച്ച കുരിശിന്റെ തിരുശ്ശേഷിപ്പ് ഈ ഗ്രോട്ടോയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
വിശുദ്ധ കുരിശിന്റെ ഗ്രോട്ടോ (2012)
സെന്റ് ആന്റണീസ് കപ്പേള (1987)
വിശുദ്ധ കുര്‍ബാനയെ കൂടാതെ ഇടവക യില്‍ വി. കുരിശ്, നിത്യാസഹായ മാതാവ്, സെന്റ് ആന്റണി, സെന്റ് ജൂഡ് തുടങ്ങിയവരുടെ മദ്ധ്യസ്ഥതയിലുള്ള നൊവേനകള്‍ യഥാക്രമം വെള്ളി, ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ നടത്തുന്നുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍, വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍, വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍, വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ എന്നിവയാണ് ഇടവകയിലെ പ്രത്യേക തിരുനാളുകള്‍.
പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളാണ് ഇടവക മദ്ധ്യസ്ഥതിരുനാളായി ഇവിടെ ആഘോഷിക്കുന്നത്. ആദ്യ കാലങ്ങളില്‍ കൊമ്പ്രേര്യയുടെ നേതൃത്വത്തിലാണ് തിരുനാളുകള്‍ നടത്തിയിരുന്നത്. തിരുനാള്‍ ചെലവുകള്‍ വഹിച്ചിരുന്നത് ഇടവകാംഗങ്ങളായിരുന്നു. പിന്നീട്   പ്രസുദേന്തിമാരുടെ നേതൃത്വത്തിലായി.
സെന്റ് ജൂഡ് കപ്പേള(2006)
ഇടവക അജപാലനസമിതി, ബേസിക് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി (കുടുംബയൂണിറ്റ്), വിമലഹൃദയ മതബോധന കേന്ദ്രം, ഹോളിക്രോസ് മതബോധന കേന്ദ്രം, തിരുബാലസഖ്യം, ഗായകസംഘങ്ങള്‍, കെ.എല്‍.സി.എ., കെ.സി.വൈ.​എം., ഹോളിക്രോസ് യൂത്ത്, ലീജിയന്‍ ഓഫ് മേരി, ഫ്രാന്‍സീസ്ക്കന്‍ മൂന്നാം സഭ, സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, സെ. മേരീസ് പ്രയര്‍ ഗ്രൂപ്പ്, സെ. ആന്റണീസ് പ്രയര്‍ ഗ്രൂപ്പ്, ഹോളിക്രോസ് വികസന സമിതി, സെ. ആന്റണീസ് വികസന സമിതി, സെ. ജോസഫ് മരണാവശ്യ സഹായനിധി, സെ. മേരീസ് മരണാവശ്യ സഹായനിധി, നവദര്‍ശന്‍ വിദ്യാഭ്യാസ ഫണ്ട്, നെട്ടൂര്‍ കാത്തലിക് മൂവ്മെന്റ് എന്നീ സംഘടനകള്‍ ഇടവകയില്‍ വിവിധ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
പാഷണിസ്റ്റ് സിസ്റ്റേഴ്സിന്റെ പ്രതീക്ഷാലയം കോണ്‍വെന്റ്, സിസ്റ്റേഴ്സ് നടത്തുന്ന മരിയാ ഗൊരേറ്റി പബ്ലിക് സ്ക്കൂള്‍ തുടങ്ങിയവയുടെ സേവനവും ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാണ്.
ഇപ്പോള്‍ ഫാ. ഫ്രാന്‍സീസ് പീടിയേക്കല്‍ വികാരിയായും ഫാ. ഷിനോജ് ആറാഞ്ചേരി സഹവികാരിയുമായി സേവനമനുഷ്ടിക്കുന്നു.
എറണാകുളം  അങ്കമാലി അതിരൂപതയുടെ കീഴില്‍ സുറിയാനി കത്തോലിക്കരുടെ ഇടവക ദേവാലയമായ നെട്ടൂര്‍ സെന്റ് സെബാസ്റ്റിന്‍ ചര്‍ച്ചും നെട്ടൂരില്‍ സ്ഥിതി ചെയ്യുന്നു.
സെന്റ് സെബാസ്റ്റിന്‍ ചര്‍ച്ച്, നെട്ടൂര്‍

  
കുരിയച്ചന്‍


Comments